ത്രിപുരയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു; ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം

 | 
CPM-Tripura
ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് ബിജെപി. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവന് ബിജെപി പ്രവര്‍ത്തകര്‍ തീയിട്ടു. മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകരുടെ വീടുകളും ആക്രമണത്തിന് ഇരയായി. 

ഇതേത്തുടര്‍ന്ന് ത്രിപുരയില്‍ ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ മണിക് സര്‍ക്കാര്‍ സ്വന്തം മണ്ഡലമായ ധന്‍പൂരില്‍ എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. 

പാര്‍ട്ടി സംസ്ഥാന ഓഫീസ് തകര്‍ത്ത അക്രമികള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. അഗര്‍ത്തലയെ കൂടാതെ സിപാഹിജാലാ, ഗോമതി ജില്ലകളില്‍നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു. 

ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.