അമിത് ഷായ്ക്കു പന്നിപ്പനി; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകും
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായ്ക്കു പന്നിപ്പനി ബാധയേറ്റതായി സ്ഥിരികരണം. നിലവില് ഡല്ഹിയിലെ എയിംസില് ചികിത്സ നടക്കുന്നത്. പന്നിപ്പനി ബാധിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാ ട്വീറ്റ് ചെയ്തു. അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പൊതുപരിപാടികളില്‍ ഷാ പങ്കെടുത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് ശേഷം നെഞ്ച് വേദനയും പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ഷായുടെ ചികിത്സ നടത്തുന്നത്. ഇതുവരെ മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ഷായുടെ അഭാവം കൃത്യമായി പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ജനുവരി 20 ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പന്നിപ്പനി ബാധിച്ചതോടെ കാര്യങ്ങള്‍ ബിജെപിക്ക് പ്രതികൂലമാകും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന നീക്കങ്ങള്‍ നടത്താനൊരുങ്ങുന്ന ബി.ജെ.പിക്ക് ദേശീയ അധ്യക്ഷന്റെ അഭാവം തിരിച്ചടിയാകും.