ഉന്നാവോ ബലാല്‍സംഗം; കുല്‍ദീപ് സെന്ഗാറിനെ ബിജെപി പുറത്താക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്സംഗക്കേസിലെ പ്രതി കുല്ദീപ് സെന്ഗാറിനെ ബിജെപി പുറത്താക്കി. പരാതിക്കാരിയായ പെണ്‍കുട്ടിയും കേസിലെ മുഖ്യ സാക്ഷിയും അഭിഭാഷകനും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ഞായറാഴ്ച അപകടത്തില്‍ പെട്ടിരുന്നു. മുഖ്യസാക്ഷിയായ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അപകടത്തിന് പിന്നില്‍ കുല്‍ദീപിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തെറ്റായ ദിശയില്‍ അമിത വേഗത്തിലെത്തിയ ലോറിയാണ് അപകടത്തിന് കാരണമായത്. ഇതിന്റെ നമ്പര്‍ പ്ലെയിറ്റ് കറുത്ത പെയിന്റ് അടിച്ച് മായ്ച്ചിരുന്നു. സംഭവത്തിലെ ദുരൂഹതകള്‍ ഒന്നൊന്നായി പുറത്ത് വന്നതിന് പിന്നാലെ കുല്‍ദീപിനെതിരെ ബിജെപി നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കുല്‍ദീപിന്റെ കൂട്ടാളികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ബലാല്‍സംഗക്കേസില്‍ നിന്ന് പിന്‍മാറണമെന്നാണ് ഇവരുടെ ആവശ്യമെന്നും പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കത്തയച്ച് രണ്ടാഴ്ചക്കുള്ളിലാണ് ദുരൂഹമായ അപകടമുണ്ടായത്. കത്ത് ലഭിക്കാത്തതില്‍ ചീഫ് ജസ്റ്റിസ് സുപ്രീം കോടതി രജിസ്ട്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അപകടത്തില്‍ കുല്‍ദീപിനെ പ്രതിയാക്കി കൊലപാതകക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിബിഐ കേസ് അന്വേഷിക്കും. ബലാല്‍സംഗക്കേസില്‍ പ്രതിയായതോടെ കുല്‍ദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നായിരുന്നു ബിജെപി ആദ്യ ഘട്ടത്തില്‍ വിശദീകരിച്ചതെങ്കിലും പിന്നീട് നിര്‍വാഹമില്ലാതെ പുറത്താക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.