ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്ത് ലക്നൗ പോലീസ്

പെണ്കുട്ടി പരാതിയില് ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് ചിന്മയാനന്ദ് കുറ്റസമ്മതം നടത്തിയിരുന്നു.
 | 
ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്ത് ലക്നൗ പോലീസ്

ലഖ്നൗ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിക്കെതിരെ ലക്‌നൗ പോലീസ് കേസെടുത്തു. ചിന്മയാനന്ദില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ചിന്മയാനന്ദിനെതിരായ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ലക്‌നൗ പോലീസ് വിസമ്മതിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്ന് പോലീസിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് ചിന്മയാനന്ദ് കുറ്റസമ്മതം നടത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണ്. ഞാന്‍ അത് നിഷേധിക്കുന്നില്ല. തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനിയുമായി ലൈംഗികച്ചുവയുള്ള സംസാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. നാണക്കേടുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും ചിന്മയാനന്ദ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ നവീന്‍ അറോറ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.

ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനി ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഉത്തര്‍പ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

കുറ്റസമ്മതം പുറത്തുവന്നതോടെ ബി.ജെ.പി ഉത്തര്‍പ്രദേശ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് ഇത്തരത്തില്‍ വലിയ കേസില്‍ അകപ്പെട്ടിരിക്കുന്നതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സാധൂകരിക്കുന്ന വീഡിയോകളും യുവതി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.