എം.എല്‍.എയുടെ കൊലപാതകം: ബി.ജെ.പി നേതാവ് മുകുള് റോയിക്കെതിരെ കേസ്

കൊല്‍ക്കത്ത: തൃണമൂല്‍ എം.എല്.എ സത്യജിത് ബിശ്വാസിനെ വെടിവെച്ചുകൊന്ന കേസില് ബി.ജെ.പി നേതാവ് മുകുള് റോയിക്കെതിരെ കേസ് രജിസ്റ്റര് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്തവരില് മുകുള് റോയ് ഉള്പ്പെട്ടിരുന്നതായി പോലീസിന് സൂചന ലഭിച്ചതായിട്ടാണ് റിപ്പോര്ട്ട്. എന്നാല് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകത്തിന് പിന്നില് പ്രവര്ത്തിച്ചത് ബി.ജെ.പിയാണെന്ന് തൃണമൂല് കോണ്ഗ്രസ് ആരോപിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് ദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എം.എല്‍.എയായ സത്യജിത് ബിശ്വാസ് കൊല്ലപ്പെടുന്നത്. ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ തൃണമൂലിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മുകുള്‍ റോയ് 2018ലാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. മമത ബാനര്‍ജിയുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് തന്നെ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതനാക്കിയതെന്നായിരുന്നു മുകുള്‍ റോയിയുടെ വാദം. മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ അംഗം കൂടിയായിരുന്ന മുകുള്‍ റോയിയുടെ കൂടുമാറ്റം തൃണമൂലിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.