എം.എല്.എമാരെ റാഞ്ചാനുള്ള ബി.ജെ.പി തന്ത്രം വിജയിക്കില്ല; എച്ച്.ഡി കുമാരസ്വാമി

കൊല്‍ക്കത്ത: സര്‍ക്കാരിനെ താഴെയിറക്കാന് എം.എല്.എമാരെ റാഞ്ചാനുള്ള ബി.ജെ.പി ശ്രമങ്ങള് വിജയിക്കില്ലെന്ന് കര്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കര്ണാടകത്തില് ഓപ്പറേഷന് ലോട്ടസ് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. അതേസമയം സര്ക്കാര് അപകടത്തിലാണെന്ന് കുമാരസ്വാമി സമ്മതിച്ചു. നേരത്തെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് കനത്ത തിരിച്ചടി നല്കുമെന്ന് കോണ്ഗ്രസ് നേതാവ് ഡി. ശിവകുമാര് പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയില്ല. എം.എല്.എമാരെ വരുതിയിലാക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ വിജയിക്കില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി എം.എല്‍.എമാര്‍ക്കുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി കഴിഞ്ഞ ദിവസം വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് നാല് പേര്‍ വിട്ടു നിന്നത്. എന്നാല്‍, മാറിനിന്ന എം.എല്‍.എമാരുമായി തനിക്ക് വ്യക്തിബന്ധങ്ങളുണ്ട്. ഇവര്‍ തങ്ങളുടെ പക്ഷത്തേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.
കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം തിരികെയെത്തിരുന്നു. ഇരുവരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. 5 കോണ്‍ഗ്രസ് എം.എല്.എമാരെ ബി.ജെ.പി സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരികെയെത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നങ്ങള്‍ പരിഹരിക്കാനാവും കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം ശ്രമിക്കുക. ഇതിനായി അഞ്ച് മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യും.