ബിജെപി മുന്‍ കേന്ദ്രമന്ത്രിക്കെതിരെ ബലാല്‍സംഗക്കേസ് നല്കി 23 കാരി

ന്യൂഡല്‍ഹി: ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ ബലാല്‍സംഗക്കേസ്. 23 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയാണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തെന്ന് പരാതിയില്‍ യുവതി പറയുന്നു. അടുത്തിടെ യുവതിയെ കാണാതായത് വിവാദമായിരുന്നു. ഈ സംഭവത്തിലും ചിന്മയാനന്ദിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
മൂന്ന് തവണ പാര്‍ലമെന്റ് അംഗമായ ചിന്മയാനന്ദ് നേതൃത്വം നല്കുന്ന മാനേജ്മെന്റിന്റെ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയായ യുവതി ഡല്‍ഹി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് വിസമ്മതിച്ചതിനാലാണ് ഡല്‍ഹി പോലീസിനെ സമീപിച്ചതെന്ന് യുവതി വെളിപ്പെടുത്തി.
യുവതിയുടെ പരാതി അടഞ്ഞ കോടതിമുറിയില്‍ കേട്ട സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബലാല്‍സംഗത്തെക്കുറിച്ച് അന്വേഷണ സംഘത്തോട് താന്‍ വെളിപ്പെടുത്തിയെങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധിയാളുകളുടെ ജീവിതം നശിപ്പിച്ച നേതാവ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്ന് ഫെയിസ്ബുക്കില് പോസ്റ്റിട്ട ശേഷമാണ് ഷാജഹാന്‍പൂരില്‍ നിന്ന് ഇവരെ കാണാതായത്. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം രാജസ്ഥാനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പോസ്റ്റില്‍ ചിന്മയാനന്ദിന്റെ പേര് യുവതി പറഞ്ഞിരുന്നില്ല. ഇവരുടെ പിതാവാണ് മുന്‍മന്ത്രിയുടെ പേര് വെളിപ്പെടുത്തിയത്. പിന്നീട് യുപി പോലീസ് ചിന്മയാനന്ദിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു.