വാരാണസിയില്‍ പ്രിയങ്ക എത്തുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്പി-ബിഎസ്പി സഖ്യം

ന്യൂഡല്‍ഹി: വാരാണസിയില്‍ മത്സര സന്നദ്ധത അറിയിച്ച പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്ത്ഥിത്വത്തില് സ്ഥിരീകരണം ആകുന്നതിനു മുമ്പായി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ച് എസ്പി-ബിഎസ്പി സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേരിട്ട് എതിരിടാന് പ്രിയങ്ക ഗാന്ധി വദ്ര സന്നദ്ധത അറിയിച്ചിരുന്നു. എന്നാല് പ്രിയങ്ക സ്ഥാനാര്ത്ഥിയാകുമോ എന്ന കാര്യത്തില് കോണ്ഗ്രസ് നേതൃത്വം സ്ഥിരീകരണം നല്കിയിട്ടില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായ മായാവതി-സമാജ് വാദി പാര്ട്ടി സഖ്യം ഇവിടെ സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകളും വാരാണസിയിലെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ശാലിനി യാദവിനെയാണ് സഖ്യം അവതരിപ്പിച്ചിരിക്കുന്നത്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയേക്കുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയ്ക്ക് ഈ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിരിക്കുകയാണ്. 29-ാം തിയതിയാണ് വാരാണസിയില്‍ നാമനിര്‍ദേശം നല്‍കാനുള്ള അവസാന തിയതി.
പ്രിയങ്ക മത്സരിക്കുകയും മറ്റു പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കുകയും ചെയ്താല്‍ മോഡിക്ക് വാരാണസിയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷക്ക് ഉത്തര്‍പ്രദേശ് സഖ്യത്തിന്റെ നീക്കം തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
2014ല്‍ കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് വാരാണസിയില്‍ മോഡിക്കെതിരെ നിര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് രാജ് ഫലമത്തിയപ്പോള്‍ മൂന്നാമനായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ രണ്ടാം സ്ഥാനത്തെത്തി. 5.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മോഡി ഇവിടെ വിജയിച്ചത്.