കര്‍ണാടകയില്‍ പഞ്ചസാര ഫാക്ടറി പൊട്ടിത്തെറിച്ച് ആറ് പേര് കൊല്ലപ്പെട്ടു
ബഗല്‍കോട്ട്: കര്‍ണാടകയില്‍ പഞ്ചസാര ഫാക്ടറി പൊട്ടിത്തെറിച്ച് ആറ് പേര് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 5 പേരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്. മരണനിരക്ക് ഉയരാന് സാധ്യതയുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാക്ടറിയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ബൊയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് 15ലേറെ ജീവനക്കാര്‍ പരിസരത്തുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. തൊഴിലാളികളില്‍ ചിലര്‍ തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല.
മൂന്നു പേര്‍ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മൂന്നുനില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അഗ്‌നിശമനസേന എത്തിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. ബി.ജെ.പി എം.എല്‍.എ മുരുഗേഷ് നിരാനിയുടെയും സഹോദരങ്ങളായ സംഘമേഷ്, ഹനുമന്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്. ഫാക്ടറി സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.