ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി! ആര്യനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡേയ്ക്ക് എതിരെ ആരോപണം
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ഡയറക്ടര്‍ സമീര്‍ വാങ്കഡേയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് വാങ്കഡേയ്ക്ക് എതിരെ ഉയരുന്ന ആരോപണം. ഈ ആരോപണം ഉന്നയിക്കുന്ന പേര് വെളിപ്പടുത്താത്ത എന്‍സിബി ഉദ്യോഗസ്ഥന്റെ കത്ത് എന്‍സിപി നേതാവ് നവാബ് മാലിക് പുറത്തുവിട്ടു.
ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവരെ വാങ്കഡേ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് ആരോപണം. കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും അഭിഭാഷകനായ അയാസ് ഖാനാണ് പണം കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു. വാങ്കഡേയ്ക്ക് ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. 26 കേസുകളുടെ വിശദാംശങ്ങളുള്ള കത്ത് എന്‍സിബി തലവന് കൈമാറും.
ആര്യന്‍ ഖാന്‍ ഉള്‍പ്പെടുന്ന കേസിലെ സാക്ഷിയായ കിരണ്‍ ഗോസാവിയും വാങ്കഡേയും ഗൂഢാലോചന നടത്തുകയും കോടികള്‍ കൈപ്പറ്റുകയും ചെയ്തതായി കേസിലെ മറ്റൊരു സാക്ഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വാങ്കഡേയ്ക്ക് എതിരായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.