ബുലന്ദ്ശഹറില്‍ ഗോഹത്യക്കും കേസ്; രണ്ട് കുട്ടികളും പ്രതികള്‍

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ ഗോഹത്യയാരോപിച്ച് കലാപമുണ്ടായ സംഭവത്തില് ഗോഹത്യക്കും കേസെടുത്തു. ഏഴുപേര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില് പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളും ഉണ്ട്. ബജ്റംഗ്ദള് നേതാവ് യോഗേഷ് രാജ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കലാപക്കേസില് യോഗേഷ് രാജാണ് മുഖ്യപ്രതി. ഇയാള് ഇപ്പോള് ഒളിവിലാണ്.
ഗോഹത്യാക്കേസില്‍ കുട്ടികളെ പ്രതികളാക്കുകയും ഇവരെ നാലു മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. കലാപത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറെ അക്രമികള്‍ പിന്തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഈ സംഭവത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോവധത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ബുലന്ദ്ശഹറിലെ മഹൗ ഗ്രാമത്തിലാണ് കലാപമുണ്ടായത്. 25 പശുക്കളുടെ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു.
ദാദ്രി ആള്‍ക്കൂട്ട കൊലപാതകം അന്വേഷിച്ച ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയതില്‍ ദുരൂഹത തുടരുകയാണ്. ഈ കേസില്‍ പിടിയിലായവരില്‍ ഒരാള്‍ ബ്ജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണ്.