ശബരിമല വിധിക്കെതിരെ ഹര്‍ജികള്‍ നല്‍കിയ മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ ഹര്ജികള് നല്കുകയും നിരന്തരം കോടതിയിയില് ശബരിമല വിഷയം ഉന്നയിക്കുകയും ചെയ്ത അഭിഭാഷകന് മാത്യു നെടുമ്പാറയ്ക്ക് സുപ്രീം കോടതിയുടെ വിലക്ക്. മറ്റൊരു കേസിലാണ് ഒരു വര്ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയായ രോഹിംഗ്ടണ് നരിമാനെയും മകനും മുതിര്ന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാനെയും അപമാനിക്കുന്ന പരാമര്ശങ്ങള് നടത്തിയതിനാണ് നടപടി. ഇതോടെ ഒരു വര്ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീം കോടതിയില് ഒരു വര്ഷത്തേക്ക് കേസുകളിലൊന്നും ഹാജരാകാന് കഴിയില്ല.
വിഷയത്തില്‍ മാത്യൂസ് നിരുപാധികം മാപ്പപേക്ഷിച്ചിട്ടും കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ചാണ് മാത്യൂസ് നെടുമ്പാറയെ വിലക്കിയത്. കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ യും കോടതി വിധിച്ചു. എന്നാല്‍ ഇത് പിന്നീട് മരവിപ്പിക്കുകയായിരുന്നു. സുപ്രീംകോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നല്‍കിയില്ലെങ്കില്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.
കോടതി മുറിയില്‍ വെച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉള്‍പ്പടെ മൂന്ന് അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ നിലവിലുണ്ട്. ഇവയില്‍ ഇനി ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ചാകും വാദം കേള്‍ക്കുക. അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി അനുവദിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയുടെ വാദത്തിനിടെയാണ് നെടുമ്പാറ ആരോപണങ്ങള്‍ ഉന്നയിച്ചത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ മക്കള്‍ക്ക് മാത്രമേ മുതിര്‍ന്ന അഭിഭാഷകരെന്ന പദവി കിട്ടാറുള്ളൂ എന്നും അത്തരം വിവേചനം നിയമരംഗത്ത് നിലനില്‍ക്കുന്നു എന്നുമായിരുന്നു ആരോപണം.