നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; പുതിയ രീതി പിന്നീട് തീരുമാനിക്കും

രണ്ടു ശ്രമങ്ങള് പരാജയപ്പെട്ടതോടെ നാഗമ്പടം റെയില്വേ മേല്പ്പാലം സ്ഫോടനത്തിലൂടെ തകര്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.
 | 
നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; പുതിയ രീതി പിന്നീട് തീരുമാനിക്കും

കോട്ടയം: രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഏതു രീതിയില്‍ പാലം പൊളിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതിനുള്ള തിയതിയും പിന്നീട് നിശ്ചയിക്കും. ഇതേത്തുടര്‍ന്ന് കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പാലത്തിനു താഴെ റെയില്‍പാളത്തില്‍ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന തടിയും മറ്റു വസ്തുക്കളും എടുത്തു മാറ്റി. പാലം പൊളിക്കുന്നതിനായി രണ്ടു ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ രണ്ടും പരാജയപ്പെടുകയായിരുന്നു.

രാവിലെ 11നും 12നുമിടയില്‍ പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതിനായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവെക്കുകയും എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. പാലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഇന്നലെത്തന്നെ സ്ഥാപിച്ചിരുന്നുവെന്നും അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞുവെന്നും വാര്‍ത്തകളും പുറത്തു വന്നു. മാധ്യമങ്ങളും ജനക്കൂട്ടവും എത്തുമെന്നതിനാല്‍ പരസ്യത്തിനായി ഡിമോളിഷന്‍ കമ്പനി പാലത്തില്‍ വലിയ ബാനറും വലിച്ചു കെട്ടിയിരുന്നു.

എന്നാല്‍ ഉച്ചയോടെ നടത്തിയ ആദ്യ സ്‌ഫോടനം വൈദ്യുതിത്തകരാറു മൂലം പരാജയമായി. എന്താണ് തകരാറെന്ന് പരിശോധിച്ച് ഒരു മണിയോടെ വീണ്ടും സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും അതും പരാജയമായി. പിന്നീട് വൈകിട്ട് 5 മണിയോടെ ജനങ്ങളെയും മാധ്യമങ്ങളെയും കൂടുതല്‍ ദൂരേയ്ക്ക് മാറ്റി ശക്തിയേറിയ സ്‌ഫോടനമായിരിക്കും എന്ന് അറിയിച്ചുകൊണ്ടാണ് രണ്ടാം ശ്രമം നടത്തിയത്. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിയതല്ലാതെ പാലത്തിന് ഒന്നും സംഭവിച്ചില്ല.