കര്‍ണാടക; മുഖ്യമന്ത്രി പദത്തിലേക്ക് മടങ്ങിവരവിനൊരുങ്ങി യെദിയൂരപ്പ; ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കാണും

കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാര് താഴെ വീണതിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങി ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പ.
 | 
കര്‍ണാടക; മുഖ്യമന്ത്രി പദത്തിലേക്ക് മടങ്ങിവരവിനൊരുങ്ങി യെദിയൂരപ്പ; ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കാണും

ബംഗളൂരു: വിശ്വാസ പ്രമേയം പരാജയപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങി ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പ. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദം ഉന്നയിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. കേന്ദ്ര നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറ് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടത്. 14 മാസം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ വീണത്. ഇത് ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു യെദിയൂരപ്പയുടെ അവകാശവാദം. 14 മാസം പ്രായമായ കുമാരസ്വാമി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തുവെന്നും ഇനി സംസ്ഥാനത്തുണ്ടാകുക വന്‍ വികസനമായിരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

ഗവര്‍ണര്‍ വാജുഭായ് വാലയെ കാണുന്നതിന് മുമ്പായി എംഎല്‍എമാരുടെ യോഗവും നടക്കും. സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് നിലംപതിച്ചതോടെ ഇനി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ബിജെപിക്കാണെന്ന് കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുവും വ്യക്തമാക്കി. നിലവില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് സഭയിലുള്ളത്. സഖ്യ സര്‍ക്കാരിനെതിരെ നിലപാടെടുത്ത വിമത എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.