ബുലന്ദ്ഷഹറില്‍ ഇന്‍സ്പെക്ടറിനും യുവാവിനും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്; അന്വേഷണത്തില്‍ വഴിത്തിരിവ്

ബുലന്ദ്ഷഹര്‍:ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില് നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ട രണ്ട് പേരെയും വെടിവെച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം. ഇന്സ്പെക്ടര് സുബോധ് കുമാര്സിംഗിന്റെ കൊലപാതകത്തിന് പിന്നില് ഇന്ത്യന് സൈനികനാണെന്ന് പോലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ കണ്ടെത്തല്. ജീത്തു ഫൗജി എന്ന ജവാനാണ് കലാപത്തിനിടെ സുബോധ് സിങ്ങിനെ വെടിവെച്ചതെന്ന് വിഡിയോ ദൃശ്യങ്ങളില് നിന്നും സൂചന ലഭിച്ചതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സുബോധ് കുമാര്‍സിങ്ങും സുമിത് കുമാര്‍ എന്ന യുവാവും കൊല്ലപ്പെട്ടത് 32 bore തോക്കില്‍ നിന്നേറ്റ വെടിയുണ്ട കൊണ്ടാണ്. സാധാരണയായി സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നതാണ് ഇത്തരം തോക്കുകള്‍. ഫോറന്‍സിക് പരിശോധന ഫലം പൂര്‍ണമായും പുറത്തുവന്നാല്‍ അന്വേഷണത്തില്‍ കാര്യമായ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്. സംശയതോന്നിയ 50 ലധികം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
പ്രതിയെന്ന സംശയിക്കുന്ന സൈനികനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സംഘം ജമ്മു കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. നേരത്തെ കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന ബജ്രഗ്ദള്‍ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ച് പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെടുന്നത്.
പശുക്കളെ കൊലപ്പെടുത്തി എന്നാരോപിച്ച് പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു. അക്രമികള്‍ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപത്തിനിടെ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.