ഡല്‍ഹി കൂട്ട ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; മന്ത്രവാദിയെ ചോദ്യം ചെയ്യും

കുടുംബത്തിലെ 11 പേര് മരിച്ച സംഭവത്തില് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്. ആത്മഹത്യ ചെയ്യാന് യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നും വിദ്യാസമ്പന്നരായ അവര് അത്തരം മണ്ടത്തരങ്ങള് ചെയ്യില്ലെന്നും ബന്ധുക്കള് വ്യക്തമാക്കുന്നു. സംഭവം കൊലപാതകമാണെന്ന തരത്തില് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല് പോലീസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 | 

ഡല്‍ഹി കൂട്ട ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; മന്ത്രവാദിയെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നും വിദ്യാസമ്പന്നരായ അവര്‍ അത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. സംഭവം കൊലപാതകമാണെന്ന തരത്തില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പോലീസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയിലായിരുന്നു ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോക്ഷം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തതോടെ കുടുംബവുമായി അടുത്ത ബന്ധമുള്ള മന്ത്രവാദിനിയെയും അനുയായിയെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് മരണവുമായി പങ്കുണ്ടോയെന്ന് പരിശോധിക്കും.

നാരായണി ഭാട്ടിയ (75), ആണ്‍മക്കളായ ലളിത് ഭാട്ടിയ (42), ഭൂപി (46), മകള്‍ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), നീതു (24), മീനു (22), ധീരു (12), ശിവം (15) എന്നിവരാണു മരിച്ചത്. ഇവരില്‍ പത്തു പേരെ ഇരുമ്പുഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലും നാരായണിയെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. നാരായണിയുടെ കഴുത്തില്‍ ടെലഫോണ്‍ കേബിള്‍ മുറുകിയ പാടുകളുണ്ട്.

ഇക്കൂട്ടത്തില്‍ ആരെങ്കിലും നാരായണിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പത്തു പേരും തൂങ്ങിമരിച്ചതായാണ് തെളിഞ്ഞത്. എന്നാല്‍ നാരായണി എങ്ങനെയാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.