രാഷ്ട്രപതിയുടെ അനുമതി; റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെച്ചേക്കും

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്ട്ട് ഇന്ന് പാര്ലമെന്റില് അവതരിപ്പിച്ചേക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ഇത്. എന്നാല് ഇരു സഭകളിലെയും അജണ്ടകളില് ഇത് ഉള്പ്പെടുത്തിയിട്ടില്ല. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെ റിപ്പോര്ട്ട് ഇന്നുതന്നെ സമര്പ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
റാഫേലില്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിക്കെതിരെ വന്‍ അഴിമതിയാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സിഎജി റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. അതേ സമയം ഫ്രഞ്ച് സര്‍ക്കാരിന്റെ സോവറിന്‍ ഗ്യാരന്റി ഇല്ലാത്തത് നഷ്ടമുണ്ടാക്കില്ല എന്ന വിലയിരുത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
റാഫേല്‍ ഇടപാട് അടക്കമുള്ള കാര്യങ്ങളിലെ പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഡിറ്റിന് ശേഷം പ്രതിരോധ മന്ത്രാലയത്തിന്റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ ഇത് അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രപതി അനുമതി നിഷേധിക്കുകയായിരുന്നു.