തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത് പുനഃപരിശോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: വാരാണസി മണ്ഡലത്തില് മുന് ബിഎസ്എഫ് ജവാന് തേജ് ബഹാദൂര് യാദവ് നല്കിയ നാമനിര്ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പു കമ്മീഷനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നരേന്ദ്ര മോഡിക്കെതിരെ എസ്പി-ബിഎസ്പി സഖ്യമാണ് തേജ് ബഹാദൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
തേജ് ബഹാദൂറിന്റെ പരാതി പരിശോധിക്കണമെന്നും പത്രിക തള്ളിയ തീരുമാനം പരിശോധിച്ച് മെയ് 9 നുള്ളില്‍ വിവരം അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തേജ് ബഹാദൂര്‍ യാദവിനു വേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരായി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ തെരഞ്ഞെടുപ്പ് കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍ തടസമില്ലെന്ന് മുന്‍ കോടതി വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ബിഎസ്എഫ് ജവാന്‍മാര്‍്ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞ് ഫെയിസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് തേജ് ബഹാദൂറിനെ പുറത്താക്കിയത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കും രാജ്യത്തോട് കൂറില്ലാത്തവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്.