ഹിന്ദു തീവ്രവാദത്തേക്കുറിച്ചുള്ള പരാമര്‍ശം; കമല്‍ ഹാസനെതിരെ വാരണാസിയില്‍ പരാതി
വാരണാസി: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കാര്യം വലതുപക്ഷ സംഘടനകള്ക്ക് നിഷേധിക്കാനാകില്ലെന്ന പരാമര്ശത്തില് കമല് ഹാസനെതിരെ പരാതി. ഹിന്ദു മതവികാരങ്ങളെ ഈ പരാമര്ശം വ്രണപ്പെടുത്തിയെന്നും ഇത്തരം പരാമര്ശങ്ങള് കമല് പിന്വലിക്കണമെന്നും ആവശ്യപ്പെട്ട് കമലേഷ് ചന്ദ്ര ത്രിപാഠി എന്ന അഭിഭാഷകന് സമര്പ്പിച്ച ഹര്ജിയില് വാരണായി കോടതി ഇന്ന് വാദം കേള്‍ക്കും.
തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനിലെ പംക്തിയിലാണ് കമല്‍ ഈ പരാമര്‍ശമ നടത്തിയത്. മുമ്പൊക്കെ ആശയപ്രചരണത്തിനു മാത്രം ശ്രമിച്ചിരുന്ന വലതുപക്ഷ സംഘടനകള്‍ അത് പരാജയമാണെന്ന് മനസിലാക്കി ഇപ്പോള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണെന്നായിരുന്നു കമല്‍ ഹാസന്‍ ലേഖനത്തില്‍ വ്യക്തമാക്കിയത്. തീവ്രവാദം ഇത്തരം സംഘടനകളിലേക്ക് പടര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സത്യമേവ ജയതേ എന്ന ആപ്തവാക്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ഹിന്ദുക്കള്‍ പേശീ ബലത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്നും കമല്‍ പറഞ്ഞു. കമല്‍ തമിഴ്‌നാട്ടില്‍ മറ്റൊരു എംജിആര്‍ ആകാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് ബിജെപിയുടെ പ്രതികരണം. കമല്‍ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അതേസമയം പ്രകാശ് രാജ്, ഖുശ്ബൂ തുടങ്ങിയവര്‍ കമലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.