ചോള രാജവംശത്തെക്കുറിച്ചുള്ള പരാമര്‍ശം; പാ രഞ്ജിത്തിനെതിരെ ജാതി സ്പര്‍ധയുണ്ടാക്കിയെന്ന് കേസ്

ചോള രാജവംശത്തെക്കുറിച്ച് നടത്തിയ പരാമര്ശത്തിന് സംവിധായകന് പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു
 | 
ചോള രാജവംശത്തെക്കുറിച്ചുള്ള പരാമര്‍ശം; പാ രഞ്ജിത്തിനെതിരെ ജാതി സ്പര്‍ധയുണ്ടാക്കിയെന്ന് കേസ്

ചെന്നൈ: ചോള രാജവംശത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ജാതി സ്പര്‍ധയുണ്ടാക്കിയെന്ന് ഹിന്ദു മക്കള്‍ കക്ഷി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദളിത് സംഘടനയായ നീല പുലിഗള്‍ ഇയക്കത്തിന്റെ പരിപാടിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്.

രാജരാജചോളന്‍ ദളിതരുടെ ഭൂമി പിടിച്ചെടുത്തിരുന്നുവെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയുള്ള ഭരണമായിരുന്നു അക്കാലത്ത് നടന്നതെന്നുമായിരുന്നു പാ രഞ്ജിത് പ്രസംഗത്തില്‍ പറഞ്ഞത്. ഈ കാലഘട്ടത്തിലാണ് ദേവദാസി സമ്പ്രദായം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്നും കലാപമുണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് പാ രഞ്ജിത്തിനു മേല്‍ ആരോപിക്കപ്പെടുന്നത്. ഹിന്ദു മക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ മുന്‍ സെക്രട്ടറിയായ ബാലയാണ് പരാതി നല്‍കിയിരിക്കുന്നത്.