സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു
ഗുരുഗ്രാം: സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി രാഷ്ട്രപതിയുടെ മെഡല്‍ സ്വന്തമാക്കിയ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി. ഹരിയാനയിലെ രവാരിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച ഗ്രാമത്തിലെ കോച്ചിംഗ് സെന്ററിലേക്ക് നടന്നു പോകുകയായിരുന്ന പെണ് കുട്ടിയെ കാറിലെത്തിയ മൂന്നംഗം സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കൃഷിസ്ഥലത്തെത്തിച്ച് പെണ്‍കുട്ടി ബോധരഹിതയാകുന്നതുവരെ സംഘം പീഡിപ്പിച്ചു. പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. കൃഷിസ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും ബലാല്‍സംഗം ചെയ്തുവെന്ന് കുട്ടി പറഞ്ഞു. തട്ടിക്കൊണ്ടു പോയവര്‍ തന്റെ ഗ്രാമവാസികള്‍ തന്നെയാണെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി.
പോലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ആരോപണ വിധേയരായവര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും അതു മൂലം ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരിടത്തേക്ക് ഓടേണ്ടി വന്നതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.