കറുപ്പണിഞ്ഞ് കഫേ കോഫി ഡേ; സിദ്ധാര്‍ത്ഥയുടെ സ്വപ്നം പൂര്‍ത്തികരിക്കുമെന്ന് ഉടമകള്‍

കമ്പനി സമീപകാലത്ത് വലിയ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. താന് ആരെയും ചതിക്കാനോ പറ്റിക്കാനോ ശ്രമം നടത്തിയിട്ടില്ല.
 | 
കറുപ്പണിഞ്ഞ് കഫേ കോഫി ഡേ; സിദ്ധാര്‍ത്ഥയുടെ സ്വപ്നം പൂര്‍ത്തികരിക്കുമെന്ന് ഉടമകള്‍

ന്യൂഡല്‍ഹി: സ്ഥാപകന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കറുപ്പണിഞ്ഞ് കഫേ കോഫി ഡേ. ചുവപ്പ് ലോഗോയില്‍ നിന്ന് വ്യത്യസ്ഥമായി കറപ്പും വെളുപ്പമുള്ള ലോഗോയാണ് കഫേ കോഫി ഡേയുടെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ ഇന്ന് ഉപയോഗിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ നിരവധി ഉപഭോക്താക്കള്‍ അനുശോചനവുമായി രംഗത്ത് വന്നിരുന്നു. സിദ്ധാര്‍ത്ഥയുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്ന് മരണം സ്ഥിരീകരിച്ച ശേഷം ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നേത്രവതി പുഴയ്ക്ക് സമീപത്തുവെച്ച് സിദ്ധാര്‍ത്ഥയെ കാണാതായത്. നേത്രാവതിയിലേക്ക് ചാടിയതാകാമെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. നീണ്ട 34 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികളും തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് കാറില്‍ ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഡ്രൈവര്‍ ബസവരാജും ഒപ്പമുണ്ടായിരുന്നു.

ഹാസനിലെ സകലേഷ്പുരയില്‍നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്ന് ബസവരാജ് പറയുന്നു. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നേത്രാവതി പാലത്തിനരികിലേക്ക് പോകാന്‍ സിദ്ധാര്‍ഥ് പറഞ്ഞു. ഇതിനിടയില്‍ അദ്ദേഹത്തിന് ഫോണ്‍ വന്നെന്നും നേത്രാവതി പാലത്തിന്റെ മറുവശത്ത് തന്നോട് കാത്തു നില്‍ക്കാന്‍ പറഞ്ഞുവെന്നുമാണ് ബസവരാജ് മൊഴി നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച്ച സിദ്ധാര്‍ത്ഥയെ കാണാതായതിന് പിന്നാലെ അദ്ദേഹം ജീവനക്കാര്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നിരുന്നു. കമ്പനി സമീപകാലത്ത് വലിയ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. താന്‍ ആരെയും ചതിക്കാനോ പറ്റിക്കാനോ ശ്രമം നടത്തിയിട്ടില്ല. ഒരിക്കല്‍ നിങ്ങള്‍ക്കും അത് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ ഇക്വിറ്റികളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല. വലിയൊരു തുക സുഹൃത്തില്‍ നിന്നും കടം വാങ്ങിയാണ് അത് പരിഹരിച്ചത്. ഇപ്പോള്‍ ഓഹരികളും മറ്റു ഉടമകള്‍ തിരിച്ചു ചോദിക്കുന്നു. ഈ സമ്മര്‍ദ്ദത്തെ അതീജീവിക്കാനാവുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

കൂടാതെ ആദായ നികുതി വകുപ്പില്‍ നിന്നും നീതിലഭിച്ചില്ലെന്നും സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കമ്പനി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ ഇടപാടുകളെക്കുറിച്ചോ മറ്റാര്‍ക്കും അറിവില്ല, എല്ലാം എന്റെ തെറ്റാണ്. ഞാന്‍ വിജയിക്കാനായി ഒരുപാട് പോരാടി. ഇന്ന് ആ പോരാട്ടം അവസാനിപ്പിക്കുകയാണ്. എല്ലാവരും എനിക്ക് മാപ്പ് തരണം. കത്തില്‍ സിദ്ധാര്‍ത്ഥ പറഞ്ഞു.