കാണാതായ കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു; കാണാതായ കഫേ കോഫി ഡേ സ്ഥാപകന് വി.ജി.സിദ്ധാര്ഥയുടെ മൃതദേഹം കണ്ടെത്തി. നേത്രാവതി നദിയില്‍ ഇദ്ദേഹത്തെ കാണാതായ പാലത്തിന് സമീപം ഹൊയ്‌കെ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നേത്രാവതി നദി കടലില്‍ ചേരുന്ന പ്രദേശമാണ് ഇത്.
34 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികളും തെരച്ചിലില്‍ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഉച്ചയ്ക്ക് കാറില്‍ ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഡ്രൈവര്‍ ബസവരാജും ഒപ്പമുണ്ടായിരുന്നു.
ഹാസനിലെ സകലേഷ്പുരയില്‍നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്ന് ബസവരാജ് പറയുന്നു. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നേത്രാവതി പാലത്തിനരികിലേക്ക് പോകാന്‍ സിദ്ധാര്‍ഥ് പറഞ്ഞു. ഇതിനിടയില്‍ അദ്ദേഹത്തിന് ഫോണ്‍ വന്നെന്നും നേത്രാവതി പാലത്തിന്റെ മറുവശത്ത് തന്നോട് കാത്തു നില്‍ക്കാന്‍ പറഞ്ഞുവെന്നുമാണ് ബസവരാജ് മൊഴി നല്‍കിയിരിക്കുന്നത്.