തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലാപം; ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മോദിക്ക് ക്ലീന് ചിറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷണര് അശോക് ലവാസ പരസ്യമായി രംഗത്തു വന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറ.
 | 
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലാപം; ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ പരസ്യമായി രംഗത്തു വന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ. വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വിഷയങ്ങളില്‍ വിരുദ്ധാഭിപ്രായം ഉണ്ടാകുന്നത് സാധാരണമാണെന്നും അറോറ പറഞ്ഞു. പദവിയില്‍ ഇരിക്കുമ്പോള്‍ അഭിപ്രായവ്യത്യാസം പരസ്യപ്പെടുത്താറില്ലെന്നും അറോറ കുറ്റപ്പെടുത്തി.

പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചുള്ള പരാതികള്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അടക്കമുള്ള മൂന്നംഗ സമിതിയാണ് പരിശോധിക്കുന്നത്. യോഗങ്ങളില്‍ മുമ്പും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ യോഗങ്ങളില്‍ പറഞ്ഞാലും ആരും അത് പരസ്യമാക്കാറില്ല. വിരമിച്ച ശേഷം പുസ്തകം എഴുതുമ്പോളാണ് ഇത്തരം അഭിപ്രായങ്ങള്‍ പുറത്തു വന്നിട്ടുള്ളതെന്നും അറോറ പറഞ്ഞു.

തെരഞ്ഞെടുപ്പു കാലത്ത് നിശബ്ദത പാലിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ അനവസരത്തില്‍ വിവാദമുണ്ടാക്കുന്നതിനേക്കാള്‍ നിശബ്ദനായിരിക്കുന്നതാണ് നല്ലതെന്നും അറോറ പറഞ്ഞു. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നാണ് അശോക് ലവാസ വെളിപ്പെടുത്തിയത്.

തന്റെ അഭിപ്രായങ്ങള്‍ മാനിക്കുന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് യോഗങ്ങളില്‍ നിന്ന് താന്‍ വിട്ടു നില്‍ക്കുകയാണെന്നും ലവാസ അറിയിച്ചു. 9 പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.