കണ്ണൂര്‍ വിമാനത്താവളം നല്ല വികസനത്തിന്റെ മാതൃക; കേരളാ സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളം യാഥാര്ത്ഥ്യമാക്കിയ കേരളാ സര്ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില് സംസാരിക്കവെയാണ് പിണറായി സര്ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാനമന്ത്രി രംഗത്ത് വന്നത്.
രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നിരവധി വികസന പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. ഏറെ വികസന സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കേരള വികസനത്തിന്റെ കവാടമായി കണ്ണൂര്‍ വിമാനത്താവളത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് പ്രഭുവും പിണറായി വിജയനും ചേര്‍ന്നാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനത്തിനും ഇരുവരും ഫ്‌ലാഗ് ഓഫ് ചെയ്തു. 85 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കണ്ണൂരില്‍ നിന്നും ആദ്യം പുറപ്പെട്ടത്.