രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലംഘിച്ചാല്‍ ജയില്‍

ഇ-സിഗരറ്റിന്റെ നിര്മാണവും വില്പനയും നിരോധിക്കുന്നു.
 | 
രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലംഘിച്ചാല്‍ ജയില്‍

ന്യൂഡല്‍ഹി: ഇ-സിഗരറ്റിന്റെ നിര്‍മാണവും വില്‍പനയും നിരോധിക്കുന്നു. കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായി മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇന്ത്യയില്‍ ഇ-സിഗരറ്റ് നിര്‍മിക്കുന്നില്ലെങ്കിലും 400 ഓളം ബ്രാന്‍ഡുകള്‍ നിലവിലുണ്ടെന്ന് അവര്‍ പറഞ്ഞു. 150 ഫ്‌ളേവറുകളില്‍ ഇവ ലഭ്യമാണ്. മണമില്ലാത്തതിനാല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരാകുകയാണെന്നും ഇവയില്‍ നിന്ന് വലിയ അളവിലാണ് നിക്കോട്ടിന്‍ ഉള്ളിലേക്ക് എത്തുന്നതെന്നും അവര്‍ പറഞ്ഞു.

നിരോധനം ലംഘിച്ച് ഇ സിഗരറ്റ് ഉപയോഗിച്ചാല്‍ ജയിലും വന്‍ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍ പറഞ്ഞു. ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ആദ്യമായി പിടിക്കപ്പെടുന്നവര്‍ക്ക് നല്‍കുക. വീണ്ടും പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും. ഇ-ഹുക്കള്‍ക്കും നിരോധനം ബാധകമാണ്.

വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇ-സിഗരറ്റിന്റെ ദോഷഫലങ്ങള്‍ അറിയിക്കുന്നതിനായി ഒരു ഇ സിഗരറ്റ് അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിഗരറ്റ് വലിയില്‍ നിന്ന് മോചനം നേടുക എന്ന ലക്ഷ്യവുമായാണ് യുവാക്കളില്‍ പലരും ഇ-സിഗരറ്റ് ഉപയോഗിച്ച് തുടങ്ങിയതെന്നും പിന്നീട് ആളുകള്‍ ഇ-സിഗരറ്റിന് അടിമകളാകുകയായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.