സിജിഒ കോംപ്ലക്‌സിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകള്‍ കത്തി നശിച്ചതായി സംശയം

സൗത്ത് ഡല്ഹിയിലെ സിജിഒ കോംപ്ലക്സില് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ഓഫീസിലുണ്ടായ തീപ്പിടിത്തത്തില് സുപ്രധാന രേഖകള് കത്തി നശിച്ചതായി സംശയം. 11 നിലയുള്ള പണ്ഡിറ്റ് ദീന്ദയാല് അന്ത്യോദയ ഭവനിലെ അഞ്ചാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഒട്ടേറെ കേന്ദ്രസര്ക്കാര് ഓഫീസുകള് ഈ കെട്ടിടത്തില് പ്രവര്ത്തിക്കുന്നുണ്ട്.
 | 
സിജിഒ കോംപ്ലക്‌സിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകള്‍ കത്തി നശിച്ചതായി സംശയം

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ സുപ്രധാന രേഖകള്‍ കത്തി നശിച്ചതായി സംശയം. 11 നിലയുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവനിലെ അഞ്ചാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഒട്ടേറെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തീപ്പിടിത്തത്തില്‍ ഒരു സിഐഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായി. എം.പി.ഗൊദാര എന്ന സബ് ഇന്‍സ്‌പെക്ടറാണ് പുക ശ്വസിച്ച് മരിച്ചത്. തീപ്പിടിത്തം പരിശോധിക്കാന്‍ പോയ ഇദ്ദേഹം പുക ശ്വസിച്ച് ബോധരഹിതനായി വീണു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ ബി 1 വിംഗ് എന്ന ഭാഗം 80 ശതമാനത്തോളം പൂര്‍ണ്ണമായും കത്തി നശിച്ചു. പല സുപ്രധാന ഫയലുകളും കത്തി നശിച്ചുവെന്നത് ഉറപ്പാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടിത്തത്തെത്തുടര്‍ന്ന് ഓഫീസ് സീല്‍ ചെയ്തിരിക്കുന്നതിനാല്‍ നാശനഷ്ടം തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പര്യാവരണ്‍ ഭവന്‍ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന കെട്ടിടമാണ് ഇത്. കുടിവെള്ളം-ശുചിത്വ മന്ത്രാലയം, വനം മന്ത്രാലയം, വ്യോമസേനയുടെ ഒരു വിഭാഗം എന്നിവയുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.