പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദും അഖിലേഷും കസ്റ്റഡിയില്‍; ലഖിംപൂരില്‍ പ്രതിഷേധം ഇരമ്പുന്നു

 | 
Priyanka
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖിംപൂരിലേക്ക് പോകാന്‍ എത്തിയ പ്രിയങ്കയെ പോലീസ് തടഞ്ഞു. ഇതോടെ നടന്നു പോകാന്‍ തുടങ്ങിയ പ്രിയങ്കയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.

ലഖിംപൂരിലേക്ക് എത്താനിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ല. സമാജ് വാദി പാര്‍ട്ടി നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. അഖിലേഷിന്റെ വീടിന് മുന്‍പില്‍ എസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സംഘര്‍ഷത്തിന് അയവു വരാതെ നേതാക്കളെ പ്രദേശത്ത് എത്താന്‍ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്.

അതേസമയം സംഘര്‍ഷങ്ങളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി വരുണ്‍ ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും സംഘടനകള്‍ അറിയിച്ചു.