ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം തൃപ്തികരം, ചന്ദ്രയാന്‍-2 ദൗത്യം 95 ശതമാനവും വിജയം കാണും

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കുന്ന ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം തൃപ്തികരം. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വിക്രം ലാന്‍ഡറുമായി യാതൊരുവിധ ആശയവിനിമയവും നിലവില്‍ സാധ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നാണ് വിക്രം ലാന്‍ഡറിന്റെ കാലാവധി അവസാനക്കുന്നത്.
എട്ട് പരീക്ഷണ ഉപകരണങ്ങളുള്ള ഓര്ബിറ്ററാണ് ചന്ദ്രയാന്-2വിന്റെ 95 ശതമാനം ദൗത്യവും നിര്‍വ്വഹിക്കുന്നത്. അടുത്ത ഒരു വര്‍ഷക്കാലം ചന്ദ്രന്റെ ചിത്രങ്ങള്‍ എടുത്ത് ഐഎസ്ആര്‍ഒയിലേക്ക് അയക്കാന്‍ ഓര്‍ബിറ്ററിന് കഴിയും.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേഷണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ലാന്‍ഡര്‍ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ വെറും 5 ശതമാനം മാത്രമാണെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. അതിനാല്‍ തന്നെ ലാന്‍ഡറിന്റെ പരാജയം ദൗത്യത്തെ വലിയ തോതില്‍ ബാധിക്കില്ല.
അതേസമയം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ല. നാസയും ഇസ്രോയ്ക്ക് സഹായവുമായി എത്തിയിരുന്നു. എന്നാല്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ലാന്‍ഡിംഗിന് മിനിറ്റുകള്‍ മുന്‍പ് ലാന്‍ഡറുമായുള്ള ബന്ധം ഇസ്രോയ്ക്ക് നഷ്ടമായി. ഇതോടെ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറിയ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു.