തെങ്കാശിയും ചെങ്കല്‍പട്ടും ഇനി ജില്ലകള്‍; രണ്ട് പുതിയ ജില്ലകള്‍ രൂപീകരിച്ച് തമിഴ്‌നാട്

രണ്ട് ജില്ലകള് കൂടി രൂപീകരിച്ച് തമിഴ്നാട് സര്ക്കാര്.
 | 
തെങ്കാശിയും ചെങ്കല്‍പട്ടും ഇനി ജില്ലകള്‍; രണ്ട് പുതിയ ജില്ലകള്‍ രൂപീകരിച്ച് തമിഴ്‌നാട്

ചെന്നൈ: രണ്ട് ജില്ലകള്‍ കൂടി രൂപീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തെങ്കാശി, ചെങ്കല്‍പട്ട് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ ജില്ലകള്‍ നിലവില്‍ വന്നത്. തിരുനെല്‍വേലി, കാഞ്ചീപുരം ജില്ലകളെ വിഭജിച്ചാണ് പുതിയ ജില്ലകള്‍ രൂപീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി പളനിസ്വാമിയാണ് നിയമസഭയില്‍ ഈ പ്രഖ്യാപനം നടത്തിയത്. സൗകര്യപ്രദമായ ഭരണത്തിനായി ഈ വലിയ ജില്ലകള്‍ വിഭജിക്കണമെന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഏറെക്കാലമായി ആവശ്യമുന്നയിച്ച് വരികയായിരുന്നെന്നും പളനിസ്വാമി പറഞ്ഞു.

രണ്ട് ജില്ലകള്‍ കൂടി വന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 35 ജില്ലകളാണ് ഉള്ളത്. ഈ ജില്ലകളിലേക്ക് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. 2011ലെ സെന്‍സസ് അനുസരിച്ച് തെങ്കാശിയില്‍ 70,545 ആണ് ജനസംഖ്യ. ചെങ്കല്‍പട്ടില്‍ ഇത് 62,579 ആണ്. ചെന്നൈ നഗരത്തോട് അടുത്ത് കിടക്കുന്ന ചെങ്കല്‍പട്ടിന് വ്യവസായ ഹബ് എന്ന വിശേഷണമാണ് നിലവിലുള്ളത്. കോളേജുകളുടെ സാന്നിധ്യവും നഗരത്തിനുണ്ട്.

അതേസമയം നദികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തെങ്കാശി ടൂറിസം കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമാണ്. കേരള അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ് തെങ്കാശി.