ലൗ ജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു; മൃഗീയ കൊലപാതകത്തിന്റെ വീഡിയോ പകര്‍ത്തി അക്രമികള്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ക്യാമറയ്ക്കു മുന്നില് കൊലപ്പെടുത്തി കത്തിച്ചു. കൊലപാതകത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്. അഫ്രസുല് എന്ന ബംഗാള് സ്വദേശിയായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശംഭുലാല് റൈഗര് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്‌സമന്ത് ജില്ലയിലെ ദേവ് ഹെറിറ്റേജ് റോഡിലാണ് സംഭവമുണ്ടായത്. ഒപ്പം നടന്നു വരികയായിരുന്ന മുഹമ്മദിനെ റൈഗര്‍ അടിച്ചു വീഴ്ത്തുന്നതും മൃഗീയമായി വെട്ടി കൊലപ്പെടുത്തുന്നതും ഒടുവില്‍ ശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതും വീഡിയോയില്‍ കാണാം.
കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ സംസാരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. കാവി കൊടിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുന്ന ഇയാള്‍ ലൗജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് ന്യായീകരിക്കുന്നത്.
പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ കൊലപാതം ഏത് വിധത്തിലാണ് നടത്തിയതെന്ന് വ്യക്തമാകൂ എന്നും പോലീസ് പറയുന്നു.
വീഡിയോ പ്രചരിക്കുന്നത് തടയാനായി രാജ്‌സമന്തില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് കാവല്‍ പ്രദേശത്ത് ഏര്‍പ്പെടുത്തി.