ചിന്‍മയാനന്ദ് പ്രതിയായ ബലാല്‍സംഗക്കേസിലെ ഇരയെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

ബിജെപി മുന് കേന്ദ്രമന്ത്രിയും മുതിര്ന്ന നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാല്സംഗത്തിന് പരാതി നല്കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 | 
ചിന്‍മയാനന്ദ് പ്രതിയായ ബലാല്‍സംഗക്കേസിലെ ഇരയെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

ലഖ്‌നൗ: ബിജെപി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിലേക്ക് പോകുന്നതിനിടെ വഴിയില്‍ തടഞ്ഞ് നാടകീയമായാണ് പെണ്‍കുട്ടിയെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസിന്റെ നടപടി.

ഈ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ യുവതി സമീപിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചായതിനാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നതിനായി ഷാജഹാന്‍പൂര്‍ കോടതിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഒപ്പമുണ്ടായിരുന്നു.

ചിന്‍മയാനന്ദ് നല്‍കിയ കേസില്‍ യുവതിയുടെ ഒരു സുഹൃത്തിനെയും രണ്ട് ബന്ധുക്കളെയും നേരത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി നല്‍കിയ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ചിന്‍മയാനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.