9-ാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ശൗചാലയത്തില്‍ കുത്തേറ്റ് മരിച്ചു
വഡോദര: സ്‌കൂള്‍ വാഷ്റൂമില് 9-ാം ക്ലാസ് വിദ്യാര്ത്ഥിയെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കുട്ടിയുടെ വയറ്റില് കുത്തേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മാറ്റി. കഴിഞ്ഞ വര്ഷം ഗുരുഗ്രാമിലെ സ്കൂളില് പ്രദ്യൂമന് താക്കൂര് എന്ന വിദ്യാര്ത്ഥി കൊല്ലപ്പെട്ടതിന് സമാന സംഭവമാണ് ഇതെന്നാണ് കരുതുന്നത്.
പ്രദ്യുമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന വിധത്തില്‍ ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവറാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്.
ലൈംഗികമായി ഉപദ്രവിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചുവെന്നും കുട്ടി എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ പിന്നീട് നടന്ന സിബിഐ അന്വേഷണത്തില്‍ അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് കൊല നടത്തിയതെന്ന് വ്യക്തമായി.
പരീക്ഷ മാറ്റിവെക്കുന്നതിനായാണ് കൊല നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയത്. 16 വയസുണ്ടായിരുന്ന കുറ്റവാളിയെ മുതിര്‍ന്നയാളായി കണക്കാക്കണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് വിചാരണ കാത്തു കഴിയുകയാണ് ഇയാള്‍.