കര്‍ണാടകത്തില്‍ വീണ്ടും റിസോര്‍ട്ട് നാടകം; ബി.ജെപിക്കെതിരെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് കോണ്ഗ്രസ്-ജെ.ഡി.എസ് സഖ്യം
ബംഗളൂരു: കര്‍ണാടകത്തില്‍ ബി.ജെപിക്കെതിരെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് കോണ്ഗ്രസ്-ജെ.ഡി.എസ് സഖ്യം. ബി.ജെ.പിയിലേക്ക് കൂറുമാറാനൊരുങ്ങിയ എം.എല്.എമാര് തിരികെയെത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നിട്ടുണ്ട്. സര്ക്കാര് താഴെപ്പോകില്ലെന്നും എം.എല്.എമാര് ബി.ജെ.പി തന്ത്രത്തില് വീഴില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി. ബി.ജെ.പിയുടെ കുതിരക്കച്ചവടം മറികടന്നായിരുന്നു കോണ്ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്ണാടകത്തില് അധികാരത്തിലെത്തിയത്.
പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയോട് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ ഏഴ് എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ ബിജെപിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി. ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് കുമാരസ്വാമിയും ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഴുവന്‍ എം.എല്‍.എമാരെയും ഇന്ന് റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്ക് ശേഷം കര്‍ണാടക വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കളം മാറുന്നതായിട്ടാണ് നിലവില്‍ ലഭ്യമാകുന്ന സൂചനകള്‍. 13 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂ. നിലവില്‍ മുംബൈയിലുള്ള 7 കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബിജെപി നേതാവ് യെദ്യൂരപ്പ ആശയവിനിമയം നടത്തിയിട്ടുണ്ട്.