ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍; പെണ്‍കുട്ടികളെ തുണിയുരിഞ്ഞ് പരിശോധിച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍

ചണ്ഡീഗഢ്: ബാത്ത്‌റൂമില്‍ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടര്ന്ന് അന്തേവാസികളായ പെണ്കുട്ടികളെ തുണിയുരിഞ്ഞ് പരിശോധിച്ച് ഹോസ്റ്റല് അധികൃതര്‍. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ തല്‍വന്ദി സാബോയിലെ അകാല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ഈ സംഭവം അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് 500 ഓളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പെണ്‍കുട്ടികളെ ഹോസ്റ്റല്‍ ജീവനക്കാര്‍ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. ചെറിയ തെറ്റു പറ്റിയെന്ന് ആദ്യം വിശദീകരിച്ച സര്‍വകലാശാല പിന്നീട് നാലു ജീവനക്കാരെ പുറത്താക്കി. രണ്ടു വാര്‍ഡന്‍മാരെയും സുരക്ഷാ ജീവനക്കാരെയുമാണ് പുറത്താക്കിയത്. ഇവര്‍ക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റി കാലതാമസം വരുത്തുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. യൂണിവേഴ്‌സിറ്റി അധികൃതര്‍ യാഥാസ്ഥിതിക സ്വഭാവമാണ് പുലര്‍ത്തുന്നതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കുന്നതിനു പോലും ഇവിടെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.