കൊളംബോ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തിലുമെത്തി; ഇന്ത്യയിലെത്തിയത് രണ്ടു തവണയെന്ന് റിപ്പോര്‍ട്ട്

കൊളംബോയില് സ്ഫോടന പരമ്പരകള് ആസൂത്രണം ചെയ്തവര് ഇന്ത്യയില് സന്ദര്ശനം നടത്തിയിരുന്നതായി റിപ്പോര്ട്ട്.
 | 
കൊളംബോ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തിലുമെത്തി; ഇന്ത്യയിലെത്തിയത് രണ്ടു തവണയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊളംബോയില്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തവര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. മുഖ്യ സൂത്രധാരനായ സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിരുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017ലായിരുന്നു ഇത്. കേരളത്തില്‍ മലപ്പുറം, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുനെല്‍വേലി, വെല്ലൂര്‍, തിരുച്ചിറപ്പള്ളി, നാഗപട്ടണം എന്നിവിടങ്ങളിലും ഇയാള്‍ എത്തി.

സ്‌ഫോടനത്തില്‍ പങ്കാളിത്തമുള്ള മുഹമ്മദ് മുബാറക് അസാന്‍ എന്ന ഭീകരനും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഐസിസ് അനുകൂല സംഘവുമായി ഹാഷിമിന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റലിജന്‍സ് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

സഹ്രാന്‍ ഹാഷിമാണ് സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍. മുഹമ്മദ് മുബാറക് അസാന്‍ ചാവേറാക്രമണത്തില്‍ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. സഹ്രാന്‍ ഹാഷിമും ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ശ്രീലങ്ക സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ തലവനായ ഇയാള്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന വിലയിരുത്തലുകളും ഉണ്ട്.