ബലാത്സംഗക്കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരിക്ക് ശിക്ഷ നല്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരിക്ക് ശിക്ഷ നല്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബലാത്സംഗ കേസില് പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി നടപടി ബെഞ്ച് ശരിവെക്കുകയും ചെയ്തു. എന്നാല് ഈ കേസില് പരാതിക്കാരിയുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് ശിക്ഷ നല്കില്ലെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കുന്നതില്‍ നിയമ പ്രശ്‌നങ്ങളില്ല. ഗുരുതരമായി ഇത്തരം കുറ്റകൃത്യങ്ങളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. പരാതിക്കാരി കേസില്‍ മൊഴി മാറ്റിയാലും കേസ് അന്വേഷണം തുടരണമെന്ന് കോടതി വ്യക്തമാക്കി.
ബലാത്സംഗ കേസുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ് പുതിയ വിധി. മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ല. സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.