‘സദ്ഗുരു’ പ്രതിയായിരുന്ന കൊലക്കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ദിവ്യ സ്പന്ദന
ന്യൂഡല്‍ഹി: സദ്ഗുരു എന്ന പേരില് അറിയപ്പെടുന്ന യോഗ ഗുരു ജഗ്ഗി വസുദേവ് പ്രതിയായിരുന്ന കൊലക്കേസിന്റെ വിവരങ്ങള് പുറത്തുവിട്ട് കോണ്ഗ്രസ് ഐടി സെല് മേധാവി ദിവ്യ സ്പന്ദന. 1997 ഒക്ടോബര് 10ന് ഇന്ത്യന് എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു വാര്ത്തയാണ് ട്വിറ്റര് സന്ദേശത്തില് ദിവ്യ പുറത്തു വിട്ടത്. 1997 ജനുവരിയില് സദ്ഗുരുവിന്റെ ഭാര്യയായിരുന്ന സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടുള്ള വാര്ത്തയാണ് ഇത്. ഭാര്യാപിതാവ് നല്കിയ പരാതിയില് പോലീസ് കേസെടുത്തുവെന്നതാണ് വാര്‍ത്ത.
ഈ കേസ് പിന്നീട് കോയമ്പത്തൂര്‍ പോലീസ് തള്ളിയിരുന്നു. തന്റെ ഭാര്യ മഹാസമാധി അടയുകയായിരുന്നുവെന്നാണ് സദ്ഗുരു അവകാശപ്പെട്ടത്. ജഗ്ഗി വസുദേവിന്റെ പേരെടുത്ത് പറയാത്ത ട്വീറ്റില്‍ ഇദ്ദേഹം എങ്ങനെയാണ് തെരുവില്‍ ഇറങ്ങി നടക്കുന്നതെന്ന് ദിവ്യ ചോദിക്കുന്നു. അടുത്തിടെ ടൈംസ് നൗ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ പുറത്തിറങ്ങി നടക്കരുതെന്ന് സദ്ഗുരു പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.
ആള്‍ദൈവത്തിന്റെ ഈ അഭിപ്രായ പ്രകടനത്തെ അനുകരിച്ചാണ് ദിവ്യയുടെ ട്വീറ്റ്. സദ്ഗുരുവിന്റെ ഈ ആഹ്വാനത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. നടി സ്വര ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ സദ്ഗുരുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
I mean how is he walking the streets? pic.twitter.com/t7B1DANFH3
— Divya Spandana/Ramya (@divyaspandana) March 4, 2019