പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില് അധികാരത്തിലെത്തിയാല് വിദേശത്തു വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി ഇന്ത്യയിലെത്തിക്കുമെന്ന് കോണ്ഗ്രസ്. തെരഞ്ഞെടുപ്പ് വാഗ്ദാനത്തില് ഇത് ഉള്ക്കൊള്ളിച്ചേക്കുമെന്നാണ് റിപ്പോര്ട്ട്. അടുത്തയാഴ്ച നടത്തുന്ന ഗള്ഫ് പര്യടനത്തില് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ഇക്കാര്യം പ്രഖ്യാപിക്കും.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചെങ്കിലും അതു പോലും വലിയ നിരക്കാണെന്ന പരാതി ശക്തമാണ്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ഈ രീതി തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. മൃതദേഹം സൗജന്യമായി എത്തിക്കണമെന്നത് കാലങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്.
പ്രവാസി കുടുംബങ്ങളുടെ വോട്ടാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് രാഹുലിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ചുമതല വഹിക്കുന്നത്. പ്രവാസി സംഘടനകള്‍ ഈ ആവശ്യവുമായി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചിരുന്നു.