ഉത്തര്‍പ്രദേശില്‍ 80 സീറ്റിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കും

ലക്നൗ: ഉത്തര്‍പ്രദേശില്‍ 80 ലോക്സഭാ സീറ്റുകളിലും തനിച്ചു മത്സരിക്കാനൊരുങ്ങി കോണ്ഗ്രസ്. സമാജ് വാദി പാര്ട്ടിയും ബിഎസ്പിയും കോണ്ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപീകരിച്ചതോടെയാണ് തീരുമാനം. സംസ്ഥാനത്ത് രാഹുല് ഗാന്ധി പങ്കെടുക്കുന്ന 13 റാലികള് നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താനും പാര്ട്ടി തീരുമാനിച്ചു.
റാലികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറും ചര്‍ച്ചകള്‍ നടത്തി. ഫെബ്രുവരി മുതല്‍ ഇവ ആരംഭിക്കാനാണ് പരിപാടി. കോണ്‍ഗ്രസിനെ ഒഴിവാക്കി 38 വീതം സീറ്റുകളില്‍ മത്സരിക്കാനായിരുന്നു എസ്.പി-ബി.എസ്.പി തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും സീറ്റുകളായ അമേഠിയിലും റായ്ബറേലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു.
സഖ്യത്തില്‍ നിരാശയില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാനത്ത് പൂര്‍ണ്ണ ശേഷിയില്‍ മത്സരിക്കുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. 1992ല്‍ പരാജയപ്പെട്ട ശേഷം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല.