നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരുമെന്ന് നട്‌വര്‍ സിങ്

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തില് നിന്നുള്ളവരല്ലാതെ ആരെങ്കിലും കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല് പാര്ട്ടി പിളരുമെന്ന് കോണ്ഗ്രസ് നേതാവ് നട്വര് സിങ്. പ്രിയങ്ക നേതൃസ്ഥാനത്ത് എത്തണമെന്ന മുറവിളിക്ക് പിന്തുണയുമായാണ് മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ നട്‌വര്‍ സിങ് രംഗത്തെത്തിയിരിക്കുന്നത്. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സോന്‍ഭദ്ര വെടിവെയ്പ്പ് ഇരകളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക എത്തിയതും പോലീസ് കസ്റ്റഡിയില്‍ എടുത്തതും വാര്‍ത്തയായതോടെ പ്രിയങ്കയെ എഐസിസി അധ്യക്ഷയായക്കണമെന്ന മുറവിളികള്‍ക്ക് ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ നയിക്കാനുള്ള പ്രാഗത്ഭ്യമാണ് ഇതിലൂടെ തെളിയിക്കപ്പെട്ടതെന്നാണ് നട്‌വര്‍ സിങ് പറയുന്നത്. എന്നാല്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ച് 50 ദിവസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിക്കാനും പാര്‍ട്ടി നേതൃത്വം വിമുഖത കാട്ടിയിരുന്നു.