ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; വസ്ത്രം കീറി പ്രതിഷേധിച്ച് എംപി, ഭരണഘടന കീറിയ എംപിമാരെ പുറത്താക്കി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയതിനെതിരെ രാജ്യസഭയില് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. പിഡിപി എംപിമാരായ മിര്‍ ഫിയാസും നസീര്‍ ലവായിയും ഭരണഘടന കീറിയെറിഞ്ഞു. ഇതോടെ സഭയില്‍ നിന്ന് ഇരുവരും ഇറങ്ങിപ്പോകണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. മിര്‍ ഫിയാസ് സ്വന്തം വസ്ത്രങ്ങള്‍ കീറിയും പ്രതിഷേധിച്ചു.
കോണ്‍ഗ്രസും സഭയില്‍ പ്രതിഷേധം അറിയിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് ഗുലാം നബി ആസാദ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഭരണഘടനയെ ബഹുമാനിക്കുന്നവരാണെന്നും ഭരണഘടന കീറിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് ബിഎസ്പി ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുകയാണെന്ന് അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിഷേധിക്കുന്നില്ലെന്നും ബിഎസ്പി എംപിമാര്‍ വ്യക്തമാക്കി.