ആഗോള പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി രാജ്യം; പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുന്നില്‍

 | 
Hunger Index

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്- ജിഎച്ച്ഐ) ന്ത്യ 101-ാം സ്ഥാനത്ത്. 94-ാം സ്ഥാനത്തു നിന്നാണ് 101ലേക്ക് ഇന്ത്യ കൂപ്പുകുത്തിയത്. 116 രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ. നേപ്പാളും ബംഗ്ലാദേശും 76-ാം സ്ഥാനത്തും മ്യാന്‍മാര്‍ 71-ാം സ്ഥാനത്തും പാകിസ്ഥാന്‍ 92-ാം സ്ഥാനത്തുമാണ് ഉള്ളത്.

പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പട്ടികയനുസരിച്ച് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പട്ടിണിയിലാണ്. ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണ് ഇന്ത്യ പിന്നോട്ടു പോകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.