യോഗി സര്‍ക്കാരിന്റെ ഗോസംരക്ഷണം കര്‍ഷകരെ പെരുവഴിയിലാക്കുന്നു; കാലികള്‍ നശിപ്പിക്കുന്നത് കോടികളുടെ കൃഷി
ലക്‌നൗ: യോഗി സര്ക്കാരിന്റെ പശു സംരക്ഷണ നയം കര്ഷകരെ പെരുവഴിയിലാക്കുന്നു. കോടിക്കണക്കിന് രൂപയാണ് സമീപകാലത്ത് യു.പിയിലെ കര്ഷകര്ക്ക് നഷ്ടമായിരിക്കുന്നത്. യോഗി സര്ക്കാര് അധികാരത്തിലെത്തിയതിന് ശേഷം പശുക്കളെ ഇറച്ചി ആവശ്യത്തിനായി വില്ക്കുന്നതോ ഉപയോഗിക്കുന്നതോ നിരോധിച്ചിരുന്നു. തുടര്ന്ന് കറവ വറ്റിയ പശുക്കള് ക്ഷീര കര്ഷകര് വലിയ ബാധ്യതായി. പാലില് നിന്നെല്ലാതെ മറ്റു മാര്ഗങ്ങളില് പണം സമ്പാദിക്കാന് സാധിക്കാതെ വന്നതോടെ കര്ഷകര് പ്രായമായ പശുക്കളെ ഉപേക്ഷിക്കാന് നിര്ബന്ധിതരാവുകയും ചെയ്തു.
ഇതോടെ അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ഭക്ഷണം കിട്ടാതെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന ഇവ കൃഷി നാശമുണ്ടാക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. പലയിടങ്ങളിലും ഇതിനെതിരെ പ്രതിഷേധവും അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ നൂറ് കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. ചിലയിടങ്ങളില്‍ അലഞ്ഞു തിരിയുന്ന പശുക്കളെ കൂട്ടമായി സര്‍ക്കാര്‍ ഓഫീസിന് മുന്നിലും സ്‌കൂളുകളിലും കര്‍ഷകര്‍ കെട്ടിയിട്ടു.
അലഞ്ഞു തിരിയുന്ന പശുക്കളെ പാര്‍പ്പിക്കാന്‍ ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന യോഗി സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും പേപ്പറില്‍ മാത്രമായി നിലനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ഷക സമരത്തെ നേരിടാന്‍ അവസാന ബജറ്റില്‍ 600 കോടി രൂപയാണ് യോഗി പ്രഖ്യാപിച്ചത്. പശു സംരക്ഷണമെന്ന പേരില്‍ പ്രഖ്യാപിച്ച ഈ തുകയുടെ പകുതി പോലും കര്‍ഷക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിനായി യോഗി നീക്കിവെച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അലഞ്ഞുതിരിയുന്ന പശുക്കളെ ജനുവരി 10നകം ഗോശാലകള്‍ ഉണ്ടാക്കി അവയിലേക്ക് മാറ്റുമെന്നായിരുന്നു യോഗിയുടെ മറ്റൊരു പ്രഖ്യാപനം. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. പ്രായമായ പശുക്കളെ ഇറച്ചി വിപണിയിലെത്തിക്കുന്നത് നിര്‍ത്തലാക്കിയ നടപടി കര്‍ഷകരുടെ വലിയൊരു സാമ്പത്തിക ശ്രോതസാണ് ഇല്ലാതായത്. ഇറച്ചി വിപണിയെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷക സമരം ഒതുക്കാനായിരിക്കും യോഗി ശ്രമിക്കുക.