രാജസ്ഥാനില്‍ രണ്ടിടത്ത് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില് രണ്ട് സീറ്റുകളില് സിപിഎമ്മിന് വിജയം. ബദ്ര മണ്ഡലത്തില് നിന്ന് ബല്വാന്, ദുംഗ്രാ മണ്ഡലത്തില് നിന്ന് ഗിര്ധാരിലാല് എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് ഒരും മത്സരം പോലും കാഴ്ച്ചവെക്കാന് കഴിയാതിരുന്ന സി.പി.എം ശക്തമായ തിരിച്ചുവരവാണ് ഇത്തവണ നടത്തിയിരിക്കുന്നത്. 28 സീറ്റുകളിലാണ് ഇത്തവണ സി.പി.എം രാജസ്ഥാനില് മത്സരിച്ചത്. മത്സരിച്ച ഭൂരിഭാഗം മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുകയും ചെയ്തു.
2008ന് ശേഷം രാജസ്ഥാനില്‍ സി.പി.എമ്മിന് മികച്ച ഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പാണിത്. 2008ല്‍ മൂന്ന് സീറ്റുകള്‍ നേടിയിരുന്നു. ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കര്‍ഷകരെ മുന്‍നിര്‍ത്തിയുള്ള പോരാട്ടമാണ് സി.പി.എമ്മിന് ജനപിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്.
വസുന്ധര രാജെ സര്‍ക്കാരിന്റെ വികസന നയങ്ങളെയും കര്‍ഷക വിരുദ്ധ സമീപനങ്ങളെയും എതിര്‍ത്ത് നിരവധി ജനകീയ പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജസ്ഥാനില്‍ നടന്നത്. ബി.ജെ.പി വിരുദ്ധ വികാരം വളര്‍ത്തുന്നതിലും സി.പി.എം വിജയിച്ചു. ശക്തി കുറഞ്ഞ മേഖലകളില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്കാണ് സി.പി.എം പിന്തുണ നല്‍കിയത്.