ഫോനി ചുഴലിക്കാറ്റ്; ഒഡിഷയിലെ 8 ലക്ഷം പേരെ ഒഴിപ്പിക്കും, 81 ട്രെയിനുകള്‍ റദ്ദാക്കി

ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാള് സംസ്ഥാനങ്ങളില് ഫോനി ഗുരുതരമായി ബാധിക്കുമെന്നാണ് പ്രവചനം.
 | 
ഫോനി ചുഴലിക്കാറ്റ്; ഒഡിഷയിലെ 8 ലക്ഷം പേരെ ഒഴിപ്പിക്കും, 81 ട്രെയിനുകള്‍ റദ്ദാക്കി

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഭിഷണിയെ തുടര്‍ന്ന് ഒഡിഷ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 8 ലക്ഷം പേരെ ഒഴിപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഫോനി ഗുരുതരമായി ബാധിക്കുമെന്നാണ് പ്രവചനം. 81 ട്രെയിനുകളാണ് ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് റെയില്‍ വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ബുക്ക് ചെയ്തവര്‍ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ പണം തിരികെ ലഭിക്കുകയുള്ളു. ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലെ പതിനാല് ജില്ലകളിലാണ് പ്രധാനമായും കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ളത്. താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഒഡിഷയിലെ പ്രധാന നഗരമായ പുരിയുടെ ദക്ഷിണ-ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത്നിന്ന് 680 കിലോമീറ്ററും വിശാഖപട്ടണത്തിന്റെ തെക്ക് -തെക്കുകിഴക്ക് 430 കിലോമീറ്ററും അകലെയാണ് കൊടുങ്കാറ്റിന്റെ സ്ഥാനം. പുരിയിലുള്ള സഞ്ചാരികളോട് ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.