സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന് കുമാര് ഇന്ന് കീഴടങ്ങും

ഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില് ശിക്ഷിക്കപ്പെട്ട കോണ്ഗ്രസ് നേതാവ് സജ്ജന് കുമാര് ഇന്ന് കീഴടങ്ങും. അപ്പീല് പരിഗണിക്കാന് വൈകുമെന്ന് ഉറപ്പായതോടെയാണ് കീഴടങ്ങാന് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര് 31 നകം കീഴടങ്ങണമെന്ന് സുപ്രീം കോടതി സജ്ജന് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങുന്നതില് കാലതാമസം വരുത്തിയാല് സുപ്രീം കോടതിയുടെ അതൃപ്തിക്ക് കാരണമാകുമെന്ന് സജ്ജന് കുമാറിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.
പ്രായാധിക്യം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായും കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കീഴടങ്ങാനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ സജ്ജന്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇക്കാര്യം തള്ളി. തുടര്‍ന്നാണ് സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയെലത്തിയത്. എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതിയ അറിയിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് കോടതി തുറക്കുക.
31 ന് കോടതിയിലെത്തി കീഴടങ്ങിയില്ലെങ്കില്‍ ചൊവ്വാഴ്ച സജ്ജന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യും. അതേസമയം സജ്ജന്‍ കുമാറിന് കോടതി യാതൊരു വിധ ആനുകൂല്യവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. കോടതിയില്‍ സജ്ജന്‍കുമാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും കലാപത്തിലെ ഇരകളാരും കോടതിയില്‍ ചെല്ലരുതെന്നും പരാതിക്കാരില്‍ പ്രമുഖനായ എച്ച് എസ് ഫൂല്‍ക്ക ആവശ്യപ്പെട്ടു.