നോട്ട് നിരോധനം കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു; വെളിപ്പെടുത്തലുമായി കേന്ദ്ര കാര്ഷിക മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കര്ഷകരെ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചെന്ന് കേന്ദ്ര കാര്ഷിക മന്ത്രാലയം. നോട്ട് നിരോധനം പണ ലഭ്യതയെ ബാധിച്ചതു മൂലം കൃഷിയിറക്കേണ്ട സമയത്ത് വിത്തും വളവു വാങ്ങാന് കര്ഷകര്ക്ക് സാധിച്ചില്ലെന്നാണ് മന്ത്രാലയത്തിന്റഎ വിലയിരുത്തല്. പാര്ലമെന്റ് ധനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം സമ്മതിച്ചത്.
അക്കാലത്ത് വിളകള്‍ വിറ്റഴിക്കാനും കര്‍ഷകര്‍ക്ക് സാധിക്കാതെ വന്നു. കൈവശമുണ്ടായിരുന്ന നോട്ടുകള്‍ ഉപയോഗ ശൂന്യമായത് കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്നും മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ വിതരണത്തിനായി സമാഹരിച്ച വിത്തുകള്‍ പോലും ഈ സമയത്ത് വില്‍ക്കാന്‍ സാധിച്ചില്ല. നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ വിത്തുകളാണ് വില്‍ക്കാന്‍ സാധിക്കാതെ വന്നത്.
അസാധുവായ നോട്ടുകള്‍ ഉപയോഗിക്കാന്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും അതിന് കാര്യമയാ പ്രയോജനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വന്‍കിട കര്‍ഷകരെയും നോട്ട് നിരോധനം ബാധിച്ചു. തൊളിലാളികള്‍ക്ക് കൂലികൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉണ്ടായതെന്നും കാര്‍ഷിക മന്ത്രാലയം പറയുന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 31 പേരാണ് പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍. പ്രതിപക്ഷ അംഗങ്ങള്‍ നോട്ട നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചു.