ധോണിയുടെ സൈനിക സേവനം കാശ്മീരില്‍; പട്രോളിംഗ്, ഗാര്‍ഡ്, പോസ്റ്റ് ഡ്യൂട്ടികളില്‍ നിയമനം

വെസ്റ്റ്ഇന്ഡീസ് പരമ്പരയില് നിന്ന് പിന്മാറിയ ക്രിക്കറ്റ് താരവും മുന് ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ സൈനിക സേവനം ആരംഭിക്കുന്നു.
 | 
ധോണിയുടെ സൈനിക സേവനം കാശ്മീരില്‍; പട്രോളിംഗ്, ഗാര്‍ഡ്, പോസ്റ്റ് ഡ്യൂട്ടികളില്‍ നിയമനം

ന്യൂഡല്‍ഹി: വെസ്റ്റ്ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് പിന്‍മാറിയ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ സൈനിക സേവനം ആരംഭിക്കുന്നു. കാശ്മീരിലായിരിക്കും ഇന്ത്യന്‍ സൈന്യത്തിനൊപ്പം ധോണി പ്രവര്‍ത്തിക്കുക. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയായിരിക്കും സേവന കാലാവധി. ഇക്കാലയളവില്‍ പട്രോളിംഗ്, ഗാര്‍ഡ്, പോസ്റ്റ് ഡ്യൂട്ടികളില്‍ ധോണിയെ നിയോഗിക്കുമെന്ന് കരസേന പ്രസ്താവനയില്‍ അറിയിച്ചു.

ലഫ്റ്റനന്റ് കേണല്‍ എംഎസ് ധോണി 106 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന് (പാരാ) ഒപ്പം ചേരുകയാണെന്നും ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെ അദ്ദേഹം ബറ്റാലിയനിലുണ്ടാകുമെന്നും പ്രസ്താവന പറയുന്നു. കാശ്മീര്‍ താഴ്വരയില്‍ വിക്ടര്‍ ഫോഴ്‌സിനൊപ്പമായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുകയെന്നും സൈനികര്‍ക്കൊപ്പമായിരിക്കും താമസമെന്നും സൈന്യം അറിയിച്ചു.

38 കാരനായ ധോണിക്ക് ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരാഷൂട്ട് റെജിമെന്റില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് നല്‍കിയിരിക്കുന്നത്. അഭിനവ് ബിന്ദ്ര, ദീപക് റാവു എന്നിവര്‍ക്കൊപ്പം 2011ലാണ് ധോണിക്ക് ഈ പദവി ലഭിച്ചത്. 2015ല്‍ ആഗ്രയില്‍ നടന്ന ട്രെയിനിംഗില്‍ അഞ്ച് പാരച്യൂട്ട് ചാട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് പാരാട്രൂപ്പര്‍ യോഗ്യത ധോണി നേടിയിരുന്നു. സൈനിക സേവനത്തിനായാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് ധോണി പിന്‍മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.