എംഎല്‍എമാരെ ചാക്കിടുന്നത് തടയാന്‍ കോണ്‍ഗ്രസ് ഹീറോയെത്തും; ബിജെപിയില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ പ്രാപ്തിയുള്ള സിദ്ധരാമയ്യരുടെ വിശ്വസ്തനെ ദൗത്യമേല്‍പ്പിച്ച് കോണ്‍ഗ്രസ്
ബംഗളുരു: നാടകീയത തുടരുന്ന രണ്ടാം ദിനത്തില്‍ ചോര്‍ച്ച തടയാന്‍ അവസാന അടവും പയറ്റാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചോര്‍ച്ച തടയാന്‍ ഡി.കെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവ് രംഗത്തിറങ്ങുമെന്നാണ് കരുതുന്നത്. എന്ത് വിലകൊടുത്തും കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ പ്രാപ്തിയുള്ള ശക്തനായ നേതാവാണ് ഡി.കെ ശിവകുമാര്‍. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയപ്പോള്‍ ശേഷിക്കുന്നവരെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ശിവകുമാര്‍.
കര്‍ണാടക രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന ശത്രുക്കളില്‍ ഒരാളായ ശിവകുമാര്‍ രംഗത്തിറങ്ങുന്നതോടെ കേവല ഭൂരിപക്ഷം നേടാന്‍ ബിജെപി നന്നേ വിയര്‍ക്കും. ബിജെപിയുടെ പാളയത്തില്‍ നിന്ന് എംഎല്‍എമാരെ റാഞ്ചാന്‍ പ്രാപ്തിയുള്ള നേതാവാണ് ശിവകുമാര്‍. അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കാന് കഴിയുന്ന നേതാവ്.
കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ക്ക് ഇനി ശിവകുമാറായിരിക്കും നേതൃത്വം കൊടുക്കുക. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ നേതാവാണ് ഇദ്ദേഹം. കുതിരക്കച്ചവടത്തിന് ഇറങ്ങിയാല്‍ ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശിവകുമാറുമായി 6 ബിജെപി എംഎല്‍എമാര്‍ ചര്‍ച്ച നടത്തി കഴിഞ്ഞതായിട്ടാണ് വിവരം. ബിജെപി പാളയത്തില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ പണമെറിഞ്ഞ് വീഴ്ത്താന്‍ കഴിഞ്ഞെല്ലെങ്കില്‍ ഇത്തവണയും യെദ്യൂരപ്പ പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരും.